മേലന്പാറ: മാനവപൂർണതയുടെ തുടർക്കഥയാണ് മിഷനറിമാരെന്ന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സെന്റ് തോമസ് മിഷനറി സൊസൈറ്റിയുടെ സുവർണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കർദിനാൾ.
കാരുണ്യത്തിന്റെ സാക്ഷികളായി ഇറങ്ങിത്തിരിച്ചു ജനതകളെ പൂർണമനുഷ്യത്വത്തിലേക്ക് ആനയിക്കാനുള്ള കടമയാണ് മിഷനറിമാർക്കുള്ളത്. മാനവീകരണം ലക്ഷ്യമാക്കി നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എംഎസ്ടി മിഷനറിമാരെ കർദിനാൾ പ്രത്യേകം ശ്ലാഘിച്ചു. എംഎസ്ടിയുടെ പ്രേഷിത ശക്തി അതിലെ മിഷനറിമാരെ സ്നേഹിക്കാൻ തന്നെ നിർബന്ധിക്കുന്നുവെന്നും കർദിനാൾ പറഞ്ഞു.
കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ.സൂസപാക്യം ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു. പ്രേഷിത പ്രവർത്തനങ്ങൾ മുഴുവനും ദൈവരാജ്യനിർമിതിക്കു വേണ്ടിയാകണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. ക്രിസ്തു ചൈതന്യത്തിൽ നിറഞ്ഞ് ഉത്തമ പ്രേഷിതരാകാൻ അദ്ദേഹം മിഷനറിമാരെ ആഹ്വാനംചെയ്തു.
പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ഉജ്ജൈൻ ബിഷപ് മാർ സെബാസ്റ്റ്യൻ വടക്കേൽ, കെ.എം. മാണി എംഎൽഎ, എസ്എംഎസ് സുപ്പീരിയർ ജനറൽ സിസ്റ്റർ ശോഭാ കുറ്റിയത്ത്, കത്തോലിക്കാ കോണ്ഗ്രസ് ഗ്ലോബൽ സമിതി പ്രസിഡന്റ് ബിജു പറയന്നിലം എന്നിവർ ആശംസകളർപ്പിച്ചു. ആർച്ച് ബിഷപ് മാർ ജോർജ് ഞരളക്കാട്ട്, ബിഷപുമാരായ മാർ ജോസഫ് പള്ളിക്കാപറന്പിൽ, മാർ റാഫേൽ തട്ടിൽ, മാർ മാത്യു വാണിയക്കിഴക്കേൽ, മാർ മാത്യു അറയ്ക്കൽ, മാർ തോമസ് തറയിൽ, മാർ ടോണി നീലങ്കാവിൽ, നിയുക്ത ബിഷപ് മാർ ജെയിംസ് അത്തിക്കളം എന്നിവർ സന്നിഹിതരായിരുന്നു. എംഎസ്ടി ഡയറക്ടർ ജനറൽ ഫാ. കുര്യൻ അമ്മനത്തുകുന്നേൽ സ്വാഗതവും വൈസ് ഡയറക്ടർ ജനറൽ ഫാ. ജോസഫ് പാലക്കീൽ നന്ദിയും പറഞ്ഞു.
എസ്എച്ച് സ്കൂളിലെ കുട്ടികളുടെ ഡാൻസും എംഎസ് ടി വൈദികരുടെ സംഗീത സന്ധ്യയും സമ്മേളനത്തോടനുബന്ധിച്ചുണ്ടായിരുന്നു. സുവർണ ജൂബിലി ആഘോഷ സമാപനദിനമായ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനു നടന്ന കൃതജ്ഞതാബലിക്ക് തലശേരി അതിരൂപതാധ്യക്ഷൻ മാർ ജോർജ് ഞരളക്കാട്ട് മുഖ്യകാർമികത്വം വഹിച്ചു. ഒരാഴ്ച നീണ്ടുനിന്ന ആഘോഷ പരിപാടികൾക്കാണ് ഇന്നലെ തിരശീല വീണത്.