എം എസ് റ്റി പ്രേഷിതപ്രവര്‍ത്തനത്തിന്‍റെ ചാലകശക്തി - കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി എം. എസ്. റ്റി സുവര്‍ണ്ണ ജൂബിലി ഉദ്ഘാടനം ചെയ്തു


സെന്‍റ് തോമസ് മിഷനറി സൊസൈറ്റി (എം. എസ്. റ്റി) വൈദികര്‍ പ്രേഷിത പ്രവര്‍ത്തനത്തിന്‍റെ സമര്‍പ്പണ ബോധവും ഉത്തരവാദിത്തവും ഉള്‍ച്ചേര്‍ന്ന ചാലകശക്തിയാണെന്ന് സിറോ മലബാര്‍ സഭ ആര്‍ച്ച്ബിഷപ്പ് കര്‍ ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി. സെന്‍റ് തോമസ് മിഷനറി സൊസൈറ്റി സുവര്‍ണ്ണ ജൂബിലി ആഘോഷം ജൂബിലി തിരി തെളിയിച്ച ഉദ്ഘാടനം െ ചയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള സഭയില്‍ എം എസ് റ്റി പ്രേഷിതപ്രവര്‍ത്തനത്തിന് പുതിയ ഒരു അധ്യായം കുറിക്കുമെന്നാണ് താന്‍ പ്രത്യാശിക്കുന്നത്. സുവര്‍ണ്ണ ജൂബിലി ആഘോഷം എം എസ് റ്റി ക്ക് ഒരു ചരിത്ര മുഹൂര്‍ത്തമാണെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു.
 
പാലാ രൂപതയുടെ ഇടയനായ ആര്‍ച്ച്ബിഷപ് ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറായ ഡോ. ബാബു സെബാസ്റ്റ്യന്‍ വിശിഷ്ടാതിഥിയും, സിറോ മലബാര്‍ സഭയുടെ തലവനായ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യാതിഥിയുമായിരുന്നു. ഡി. എസ്. റ്റി സഭയുടെ ജനറാള്‍ സി. ലിസ, എം. എസ്. റ്റി മുന്‍ ജനറാള്‍ ഡോ. കുര്യന്‍ വലിയമംഗലം  എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ കൈതവന സ്വദേശിയായ ജിനു ജോര്‍ജ്ജ് തോടുവേലി എം. എസ്. റ്റി ക്കു വേണ്ടി വരച്ച . തോമാശ്ലീഹായുടെ പുതിയ എണ്ണഛായാചിത്രം അനാഛാദനം ചെയ്തു. ഒട്ടേറെ സവിശേഷതകളുള്ളതാണ്, എട്ടടി വലിപ്പമുള്ള ഈ എണ്ണഛായാചിത്രം.
 
ജൂബിലി ആഘോഷങ്ങള്‍ അടുത്ത വര്‍ഷം ഫെബ്രുവരി 22 വരെ നീണ്ടുനില്ക്കുമെന്ന് ജൂബിലി ആഘോഷങ്ങളുടെ ജനറല്‍ കണ്‍വീനറായ ഫാ. ജോസ് പാലക്കീല്‍ അറിയിച്ചു. ഫെബ്രുവരി 20ന് മൈലാപ്പൂരിലെ സെന്‍റ്. തോമസ് ബസിലിക്കയില്‍ വച്ച് തെളിയിച്ച ദീപം അണയാതെ ദീപ്തി മൗണ്ടില്‍ എത്തിച്ച് ആ ദീപത്തില്‍ നിന്നുമാണ് ജൂബിലി ദീപത്തിന് തിരി തെളിച്ചത്. കര്‍ദ്ദിനാള്‍ തെളിയിച്ച ഈ ദീപം ജൂബിലി സമാപനം വരെ അണയാതെ സൂക്ഷിക്കാനുള്ള പ്രത്യേക സംവിധാനമാണ് എം. എസ്. റ്റി മാതൃഭവനമായ ദീപ്തിഭവനില്‍ ഒരുക്കിയിരിക്കുന്നത്.
 
സിറോ മലബാര്‍ സഭയ്ക്കുവേണ്ടി പ്രേഷിതപ്രവര്‍ത്തനം നടത്തുന്നതിനായി പാലാ രൂപതയുടെ പ്രഥമ മെത്രാന്‍ സെബാസ്റ്റ്യന്‍ വയലില്‍ പിതാവ് 1968 ഫെബ്രുവരി 22ന് സ്ഥാപിച്ച എം. എസ്. റ്റി സമൂഹത്തില്‍ ഇന്ന് ഒരു മെത്രാനും, 354 വൈദികരുമുണ്ട്. എം. എസ്. റ്റി വൈദികര്‍ ഇന്ന് ഒട്ടേറെ രാജ്യങ്ങളില്‍ സേവനം ചെയ്യുന്നുണ്ട്. പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്കു പുറമേ കൗണ്‍സലിംഗ് സെന്‍റര്‍, ആയുര്‍വേദ ചികിത്സ, നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റല്‍ എന്നിവ നടത്തുന്നുണ്ട്. മധ്യപ്രദേശിലെ ഉജ്ജൈന്‍, കര്‍ണ്ണാടകയിലെ മാണ്ഡ്യ എന്നീ രൂപതകളുടെ രൂപീകരണത്തില്‍ എം. എസ്. റ്റി വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കര്‍ണ്ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളാണ് എം. എസ്. റ്റിയുടെ ഇന്ത്യയിലെ പ്രധാന പ്രവര്‍ത്തനമേഖലകള്‍.